ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലയിൽ വ്യോമതാവളം വീണ്ടും പ്രവർത്തനക്ഷമമാക്കി ഇന്ത്യൻ വ്യോമസേന. ചൈനീസ് അതിർത്തിയോട് ചേർന്ന ന്യോമ വ്യോമതാവളമാണ് നവീകരണത്തിന് ശേഷം സജ്ജമാക്കിയത്. അരുണാചൽ പ്രദേശത്ത് 'പൂർവി പ്രചണ്ഡ് പ്രഹാർ' സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം.(India makes strategic air base in eastern Ladakh operational)
സമുദ്രനിരപ്പിൽ നിന്ന് 13,710 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വ്യോമതാവളത്തിൻ്റെ ഉദ്ഘാടനം വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് നിർവഹിച്ചു. ദില്ലിയിലെ ഹിൻഡൺ എയർപോർട്ടിൽ നിന്ന് ന്യോമയിെ 'മുദ് എയർഫീൽഡിലേക്ക്' സി-130ജെ 'സൂപ്പർ ഹെർക്കുലീസ്' വിമാനം പറത്തിയാണ് അദ്ദേഹം താവളത്തിൽ എത്തിയത്. വെസ്റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ജിതേന്ദ്ര മിശ്ര അദ്ദേഹത്തെ അനുഗമിച്ചു.
ചൈനീസ് അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ന്യോമ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. 230 കോടി രൂപ ചെലവഴിച്ചാണ് താവളം നവീകരിച്ചത്. 2.7 കിലോമീറ്റർ നീളത്തിൽ റൺവേ വികസിപ്പിച്ചു. എയർ ട്രാഫിക് കൺട്രോൾ സമുച്ചയം, ക്രാഷ് ബേ, താമസ സൗകര്യങ്ങൾ, ഹാങ്ഗറുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഇവിടെ നിർമിച്ചു.
കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ, ഡെംചോക്ക്, ഡെപ്സാങ് തുടങ്ങിയ തർക്ക പ്രദേശങ്ങളിലേക്ക് സൈന്യത്തിന് ആയുധങ്ങളടക്കം വേഗത്തിൽ വിതരണം ചെയ്യാൻ ഈ വ്യോമതാവളം നിർണായകമാകും. 2026-ൽ ഇവിടെ യുദ്ധവിമാനങ്ങൾ പറന്നിറങ്ങും എന്നാണ് പ്രതീക്ഷ. ലേ, കാർഗിൽ, തോയിസ് എയർഫീൽഡുകൾക്കും ദൗലത്ത് ബേഗ് ഓൾഡി അഡ്വാൻസ്‌ഡ് ലാൻഡിങ് ഗ്രൗണ്ടിനും പുറമെ ലഡാക്കിൽ ഇന്ത്യൻ വ്യോമസേനയുടെ മറ്റൊരു പ്രധാന താവളമായി ഭാവിയിൽ ന്യോമ മാറും.