ന്യൂഡൽഹി: ഭീകരവാദത്തെ ചെറുക്കാൻ സംയുക്ത നീക്കം നടത്താൻ ഇന്ത്യയും ഇറ്റലിയും ധാരണയായി. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി-20 ഉച്ചകോടിക്ക് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും നടത്തിയ ചർച്ചയിൽ ഡൽഹി സ്ഫോടന വിഷയങ്ങൾ ഉൾപ്പെടെയുള്ള ഭീകരവാദ ഭീഷണികൾ ചർച്ചയായി. കൂടാതെ, കനേഡിയൻ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തിയിരുന്നു.(India-Italy joint move to combat terrorism, Delhi blast discussed)
ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി. ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള അത്യാധുനിക സംവിധാനം ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ഇതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കും.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ അടുത്ത മാസം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് ഇരു രാജ്യങ്ങൾക്കും ഇടയിലെ പ്രധാനപ്പെട്ട സന്ദർശനമായിരിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് വിശദീകരിച്ചു. ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ ഭീകരവാദത്തിനും മയക്കുമരുന്ന് ശൃംഖലയ്ക്കുമെതിരെ ആഗോളതലത്തിൽ കൂട്ടായ നീക്കത്തിന് ആഹ്വാനം ചെയ്തു.
ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഈ പ്രഖ്യാപനം പ്രാധാന്യമർഹിക്കുന്നു. മയക്കുമരുന്ന് ശൃംഖലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നതിനാൽ, ഇവയെ ദുർബലപ്പെടുത്താൻ ജി-20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ ജി-20 ഒറ്റക്കെട്ടായി നീങ്ങണമെന്നും മോദി ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.