ന്യൂഡൽഹി: ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, രാജ്യം സമാധാനത്തിൻ്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. റഷ്യ-യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പുടിൻ മോദിയോട് പറഞ്ഞു.(India is on the side of peace, PM Modi to Putin)
സമാധാനം ലോക പുരോഗതിക്ക് ആവശ്യമാണെന്നും ഈ സംഘർഷം തീർക്കാൻ ഇടപെടൽ വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെടുന്നതിനിടയിലാണ് സമാധാനത്തിനുള്ള നിർദേശം മോദി പരസ്യമായി മുന്നോട്ടു വച്ചതെന്നും ശ്രദ്ധേയമാണ്. ഹൈദരാബാദ് ഹൗസിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. പരസ്പര സഹകരണത്തിനുള്ള നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും വൈകാതെ ഒപ്പുവെക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണയായി. ബഹിരാകാശ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മേഖലകളിലുൾപ്പടെ യോജിച്ച നീക്കങ്ങൾക്കായി കരാർ ഒപ്പുവെക്കും. ഇന്നലെ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി പുടിനെ സ്വീകരിച്ചത്. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ പുടിന് ആചാരപരമായ വരവേൽപ്പ് നൽകി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി പുടിൻ പുഷ്പാർച്ചന നടത്തി.
ഇന്നലെ ഏഴ് ലോക് കല്യാൺ മാർഗിലെ അത്താഴ വിരുന്നിന് ഇരുവരും ടൊയോട്ട നിർമ്മിത എസ്.യു.വിയിൽ ഒന്നിച്ചാണ് പോയത്. പ്രധാനമന്ത്രിയുടെ റേഞ്ച് റോവർ കാർ ബ്രിട്ടീഷ് ബ്രാൻഡ് ആയതിനാലാണ് യാത്ര ഒഴിവാക്കിയതെന്നാണ് സൂചന. മൂന്ന് മണിക്കൂറോളം പുടിൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചിലവഴിച്ചു. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യൻ തർജ്ജുമ സമ്മാനിച്ചു. ഇന്ന് ഇരു നേതാക്കളും ചേർന്ന് വ്യവസായികളെ കാണും. വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം രാത്രി 9 മണിക്ക് പുടിൻ റഷ്യയിലേക്ക് മടങ്ങും.