
ന്യൂഡൽഹി: ഇന്ത്യയ്ക്ക് പാകിസ്ഥാനേക്കാൾ കൂടുതൽ ആണവായുധങ്ങൾ ഉണ്ടെന്ന വിവരം പുറത്തു വിട്ട് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI)(nuclear weapons). തിങ്കളാഴ്ച പുറത്തിറക്കിയ വാർഷിക പുസ്തകത്തിലാണ് എസ്.ഐ.പി.ആർ.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഇന്ത്യയുടെ ആയുധശേഖരത്തേക്കാൾ ബീജിംഗിന്റെ ആയുധശേഖരം വലുതാണെന്നും പുസ്തകം പറയുന്നു. 2025 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യൻ ആയുധശേഖരത്തിലെ ആണവ വാർഹെഡുകളുടെ എണ്ണം 180 ആണ്. ഒരു വർഷം മുമ്പ് ഇത് 172 ആയിരുന്നു. അതേസമയം പാകിസ്ഥാന് കഴിഞ്ഞ വർഷത്തെ പോലെ 170 ആണവായുധങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
"2024-ൽ ഇന്ത്യ വീണ്ടും ആണവായുധ ശേഖരം വികസിപ്പിച്ചതായും പുതിയ തരം ആണവ വിതരണ സംവിധാനങ്ങൾ വികസിപ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പുതിയ 'കാനിസ്റ്ററൈസ്ഡ്' മിസൈലുകൾ, വാർഹെഡുകൾ ഉപയോഗിച്ച് കൊണ്ടുപോകാൻ കഴിയും. സമാധാനകാലത്ത് പോലും ആണവ വാർഹെഡുകൾ വഹിക്കാൻ ഇന്ത്യ പ്രാപ്തമായേക്കാം. കൂടാതെ ഓരോ മിസൈലിലും ഒന്നിലധികം വാർഹെഡുകൾ ഉണ്ടായിരിക്കാം" - എസ്.ഐ.പി.ആർ.ഐ റിപ്പോർട്ട് പറയുന്നു.