
ഡല്‍ഹി: അദാനി വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ പുകയുന്നു. അദാനിക്കെതിരെ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം ഉന്നയിക്കുന്നതിൽ നിന്നും മുന്നണിയിലെ സഖ്യകക്ഷികള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ ഇപ്പോഴത്തെ അജണ്ടകള്‍ മാറ്റിവെച്ച് അദാനിയുടെ അഴിമതി ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറിയിരുന്നു.
പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ ഇന്‍ഡ്യാ സഖ്യത്തിലെ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അദാനി വിഷയം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, ഇതുന്നയിച്ച് സഭ സ്തംഭിപ്പിക്കുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍നിന്നും ടിഎംസി വിട്ടുനില്‍ക്കുകയും ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, മണിപ്പുര്‍ മുതലായ സുപ്രധാന വിഷയങ്ങള്‍ തങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുമ്പോള്‍ അദാനി വിഷയവുമായി മുന്നോട്ടു പോകാനുള്ള കോണ്‍ഗ്രസിന്‍റെ നിലപാടായിരുന്നു തൃണമൂലിനെ ചൊടിപ്പിച്ചത്.