ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും, പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്ന നിർണായക തീരുമാനം ഇന്ത്യ കൈക്കൊള്ളുകയും ചെയ്‌തു. കൂടാതെ , പാകിസ്താനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞര്‍ ഇന്ത്യ വിടണം. വാഗ-അട്ടാരി അതിര്‍ത്തി അടച്ചു പൂട്ടാനും തീരുമാനമെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.