ഡല്‍ഹി: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. സമാധാനത്തിനായി ഉറച്ച പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അല്‍താനിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു.
‘‘ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി സംസാരിച്ചു, ദോഹയിലെ ആക്രമണങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. സഹോദരരാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിച്ച് സംഘർഷം ഒഴിവാക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് ആവശ്യമാണ്. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കും എതിരെ ഇന്ത്യ ഉറച്ചുനിൽക്കുന്നു’’ – നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
അതേ സമയം, കഴിഞ്ഞ ദിവസമാണ് ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ട് ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരണമില്ല.