ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഒമിദ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിന് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ കർശനമായി അപലപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ 400-ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാന്റേത് നഗ്നമായ പരമാധികാര ലംഘനമാണെന്നും ഭീകരവാദ വിരുദ്ധ നീക്കമെന്ന പേരിൽ നടത്തുന്ന കൂട്ടക്കൊലയാണിതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.(India condemns Pakistan airstrikes on hospital in Afghanistan)
അഫ്ഗാൻ താലിബാൻ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. കുറഞ്ഞത് 400 പേർ കൊല്ലപ്പെടുകയും 250-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും രോഗികളും ആശുപത്രി ജീവനക്കാരുമാണ്.
സൈനിക ലക്ഷ്യമല്ലാത്ത ഒരു കേന്ദ്രത്തെ ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാനാണ് പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചു. ആക്രമണം സ്ഥിരീകരിച്ചെങ്കിലും ആശുപത്രിയെ ലക്ഷ്യം വെച്ചിട്ടില്ലെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്.
താലിബാൻ അനുകൂല ഭീകര ഗ്രൂപ്പുകളുടെ സൈനിക താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് തങ്ങൾ തകർത്തതെന്നാണ് ഇസ്ലാമാബാദിന്റെ വാദം. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ മാനിക്കുന്നില്ലെന്ന ഇന്ത്യയുടെ വിമർശനത്തെ പാകിസ്ഥാൻ തള്ളി. ഈ ഹീനമായ പ്രവൃത്തി ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സാധാരണക്കാരെ ലക്ഷ്യമിടുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോടാവശ്യപ്പെട്ടു.
ദുരന്തത്തിൽപ്പെട്ട അഫ്ഗാൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന്റെ പ്രാദേശിക സമഗ്രതയ്ക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിശുദ്ധ റമദാൻ മാസത്തിൽ രണ്ട് ഇസ്ലാമിക രാഷ്ട്രങ്ങൾ തമ്മിൽ നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നത് മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

