

ന്യൂഡൽഹി: ഇന്ത്യയുമായി ഒരു സമ്പൂർണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ രാജ്യം പരമാവധി തയ്യാറെടുപ്പുകളിലും അതീവ ജാഗ്രതയിലുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(India can never be trusted, says Pakistan Defense Minister)
"ഇന്ത്യയെ ഒരു തരത്തിലും അവഗണിക്കാൻ കഴിയില്ല. അഫ്ഗാനിസ്ഥാനിൽ നിന്നടക്കം ആക്രമണങ്ങൾ തുടരാൻ ഇന്ത്യക്ക് കഴിഞ്ഞേക്കും. അതൊരു പൂർണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാൻ കഴിയില്ല," ഖ്വാജ ആസിഫ് വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താൻ സാധ്യതയുള്ളതിനാൽ ഇസ്‌ലാമാബാദ് പൂർണ്ണ ജാഗ്രതയിൽ ആയിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഖ്വാജ ആസിഫിന്റെ ഈ പ്രസ്താവനകൾ വരുന്നത്, ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നടത്തിയ ശക്തമായ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ്. ഓപ്പറേഷൻ സിന്ദൂരിനെ "88 മണിക്കൂർ നീണ്ട ട്രെയിലർ" എന്നാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് ഇസ്‌ലാമാബാദ് ശ്രമിച്ചാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.