
ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തി(Reuters). നിയമപരമായ ആവശ്യത്തെത്തുടർന്നാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. തോംസൺ റോയിട്ടേഴ്‌സിന്റെ വാർത്താ മാധ്യമ വിഭാഗമാണ് റോയിട്ടേഴ്‌സ്. 2,600 പത്രപ്രവർത്തകർ 200-ലധികം സ്ഥലങ്ങളിലായി റോയിട്ടേഴ്‌സിന് വേണ്ടി ജോലി ചെയ്യുന്നുണ്ട്.
ശനിയാഴ്ച രാത്രി 11:40 വരെ റോയിട്ടേഴ്‌സ് വേൾഡിന്റെ എക്‌സ് അക്കൗണ്ട് ലഭ്യമായിരുന്നില്ല. റോയിട്ടേഴ്‌സിന്റെ പ്രധാന അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിലും, റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്റ്റ് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവയുൾപ്പെടെ നിരവധി അനുബന്ധ അക്കൗണ്ടുകൾ ഇപ്പോഴും ലഭ്യമാകുന്നുണ്ട്. അതേസമയം സംഭവത്തിന്റെ കാരണം വ്യക്തമാക്കുന്ന പ്രസ്താവനകളൊന്നും റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടില്ല.