ന്യൂഡൽഹി: 2008-ലെ നയതന്ത്ര കരാർ പ്രകാരം എല്ലാ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും തടവുകാരുടെ വിവരങ്ങൾ കൈമാറുന്ന പതിവ് ഇത്തവണയും തുടർന്നു. ന്യൂഡൽഹിയിലെയും ഇസ്ലാമാബാദിലെയും നയതന്ത്ര കാര്യാലയങ്ങൾ വഴിയാണ് വിവരങ്ങൾ കൈമാറിയത്.(India and Pakistan exchange prisoner lists as usual)
പാകിസ്ഥാനികളായ 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇന്ത്യ പാകിസ്ഥാന് നൽകി. ഇന്ത്യക്കാരായ 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ പാകിസ്ഥാൻ ഇന്ത്യയ്ക്കും കൈമാറി.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ഇന്ത്യക്കാരായ സിവിലിയൻ തടവുകാർ, കാണാതായ പ്രതിരോധ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ മോചനം വേഗത്തിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.