
ന്യൂഡൽഹി: കോൺസുലാർ ആക്‌സസ് കരാറിന്റെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി(India). കസ്റ്റഡിയിലുള്ള സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടികയാണ് ഇരു രാജ്യങ്ങളും കൈമാറിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കൈമാറിയ പട്ടികയിൽ 382 സിവിലിയൻ തടവുകാരുടെയും പാകിസ്ഥാനികളാണെന്ന് സ്ഥിരീകരിച്ചതോ വിശ്വസിക്കപ്പെടുന്നതോ ആയ 81 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങളാണുള്ളത്.
പാകിസ്ഥാൻ കൈമാറിയ പട്ടികയിൽ ഇന്ത്യക്കാരോ ഇന്ത്യക്കാരോ ആണെന്ന് കരുതപ്പെടുന്ന 53 സിവിലിയൻ തടവുകാരുടെയും 193 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങളാണുള്ളത്. സ്വദേശത്തേക്ക് മടങ്ങാൻ കാത്തിരിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ഇന്ത്യക്കാരാണെന്ന് കരുതുന്ന തടവുകാരുടെയും സുരക്ഷയും ക്ഷേമവും പാകിസ്ഥാൻ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതായാണ് വിവരം.