
ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് വാങ്ങുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്. കഴിഞ്ഞ ഡിസംബറിൽ 8,16,195 പേരാണ് പുതുതായി ക്രെഡിറ്റ് കാർഡുകൾ വാങ്ങിയത് (Increased credit card usage).ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും അവരുടെ ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു, അവയിൽ പ്രധാനിയാണ് ക്രെഡിറ്റ് കാർഡുകൾ. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് പണമൊന്നും നൽകാതെ തന്നെ സാധനമോ സേവനമോ വാങ്ങുവാൻ സാധിക്കുന്നതാണ്. തുടർന്ന്, വാങ്ങിയ ഇനത്തിന്റെയോ സേവനത്തിന്റെയോ പണം നിർദ്ദിഷ്ട തീയതിക്കുള്ളിൽ ബാങ്കിൽ തിരികെ അടയ്ക്കണം. അതേസമയം, നിർദ്ദിഷ്ട തീയതികളിൽ പണമടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ ഉപഭോക്താവിൽ നിന്നും അധികം പണം ബാങ്ക് ഇടക്കുന്നതാണ്.
പ്രശ്‌നം ഇങ്ങനെയൊക്കെയാണെങ്കിലും, ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ മാത്രം 8,16,195 പേരാണ് ക്രെഡിറ്റ് കാർഡുകൾ വാങ്ങിയത്. വിശകലന വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഈ വർഷം വരാനിരിക്കുന്ന വിവാഹ സീസണും വേനൽക്കാല അവധിയും മുന്നിൽ കണ്ടാണ് ആളുകൾ ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നത്.
2024 നവംബറിൽ 3,50,000 ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തിരുന്നു. പ്രത്യേകിച്ചും, എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്കുകളാണ് ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ നൽകിയത്. ഡിസംബറിൽ മാത്രം 1.9 ലക്ഷം കോടി രൂപ ക്രെഡിറ്റ് കാർഡുകളിലൂടെ ചെലവഴിച്ചതായും റിപ്പോർട്ട് ഉണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 2024 ഡിസംബർ അവസാനത്തോടെ പ്രചാരത്തിലുള്ള മൊത്തം ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 10.8 കോടിയാണ്. നിലവിൽ ഇത് 11 കോടി കടന്നിരിക്കണം. 2024 നവംബറിൽ ഈ സംഖ്യ 10.72 കോടിയായിരുന്നു. 2023 ഡിസംബറിൽ ഇത് 9.79 കോടിയും. അതായത്, ഒരു വർഷത്തിനുള്ളിൽ ഒരു കോടി ആളുകൾ പുതിയ ക്രെഡിറ്റ് കാർഡുകൾ വാങ്ങി.
2024 ൽ പുതിയ ക്രെഡിറ്റ് കാർഡുകൾ വാങ്ങിയവരുടെ എണ്ണം ഇപ്രകാരമാണ്:
* മെയ്- 7,60,625
* ജൂൺ-5,12,641
* ജൂലൈ- 7,55,419
* ഓഗസ്റ്റ്- 8,55,931
* സെപ്റ്റംബർ- 6,78,950
* ഒക്ടോബർ- 7,86,337
* നവംബർ- 3,50,055
* ഡിസംബർ- 8,16,195