ന്യൂഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് (Inclusivity Policy) ഇന്ത്യയും ആസിയാൻ രാജ്യങ്ങളും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടക്കുന്ന ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്.(Inclusive policies are being followed, PM Modi at ASEAN summit)
വ്യാപാര രംഗത്ത് ആസിയാൻ രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ വർഷത്തെ ആസിയാൻ ഉച്ചകോടിയുടെ പ്രധാന വിഷയങ്ങളായ 'എല്ലാവരെയും ഉൾക്കൊള്ളൽ, സുസ്ഥിരത' എന്നിവ ഇന്ത്യയുടെ കാഴ്ചപ്പാടിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തു. ഒക്ടോബർ 27-ന് നടക്കുന്ന ഈസ്റ്റ് ഏഷ്യൻ ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി ഇന്ത്യയെ പ്രതിനിധീകരിക്കും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആസിയാൻ ഉച്ചകോടിക്കായി മലേഷ്യയിൽ എത്തിയിട്ടുണ്ട്. മലേഷ്യയിലേക്കുള്ള യാത്രാ മധ്യേ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായി നിറുത്തുമെന്ന് ഇന്ത്യ ഉറപ്പു നൽകിയതായി അവകാശപ്പെട്ടു.
മാത്രമല്ല, ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താനാണ് നിറുത്തിയതെന്ന മുൻ അവകാശവാദവും ട്രംപ് ഇത്തവണ ആവർത്തിച്ചു. ട്രംപിന്റെ ഈ പ്രസ്താവനകൾ നയതന്ത്ര രംഗത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
21-ാം നൂറ്റാണ്ട് ഇന്ത്യയുടേതും ആസിയാന്റേതുമാണ് എന്നും, ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ പ്രധാന സ്തംഭമാണ് ആസിയാൻ എന്നും മോദി പറഞ്ഞു.
2026 'ആസിയാൻ-ഇന്ത്യ മാരിടൈം കോഓപ്പറേഷൻ വർഷമായി' പ്രഖ്യാപിച്ചു. ഇന്ത്യയും ആസിയാൻ രാജ്യങ്ങളും വെറും വ്യാപാര പങ്കാളികൾ മാത്രമല്ല, സാംസ്കാരിക പങ്കാളികൾ കൂടിയാണ് എന്നും,ഡിജിറ്റൽ ഉൾപ്പെടുത്തൽ, ഭക്ഷ്യസുരക്ഷ, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ എന്നിവയിൽ ഇന്ത്യ ആസിയാന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.