
നാഗാലാൻഡിലും അരുണാചൽ പ്രദേശിലുമായി 11 ജില്ലകളിൽ സായുധ സേനകളുടെ പ്രത്യേക അധികാരം ഉറപ്പാക്കുന്ന അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് ഈ തീരുമാനം. നാഗാലൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലുമാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. രണ്ട് സംസ്ഥാനങ്ങളിലെയും ക്രമസമാധാന സാഹചര്യം വിലയിരുത്തിയ ശേഷമാണ് കേന്ദ്ര സർക്കാർ ഈ തീരുമാനമെടുത്തത്.
സംഘർഷ ബാധിത മേഖലയിൽ തിരച്ചിൽ സംഘടിപ്പിക്കാനും അറസ്റ്റ് ചെയ്യാനും വെടിവെക്കാനും സായുധ സേനകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഈ നിയമം. നാഗാലാൻഡിലെ എട്ട് ജില്ലകൾക്ക് പുറമെ മറ്റ് അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളും ഈ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര സർക്കാരിൻ്റെ വിജ്ഞാപനം വ്യക്തമാക്കുന്നു.