
ബെംഗളൂരു: രാജ്യത്ത് നിയമവിരുദ്ധമായി സ്ത്രീ ലിംഗനിർണ്ണയവും ഭ്രൂണഹത്യയും നടത്തിയിരുന്ന റാക്കറ്റിനെ കർണാടക ആരോഗ്യവകുപ്പും പോലീസും ചേർന്ന് പിടികൂടി. മൈസൂരുവിനടുത്ത് ബന്നൂരിലെ ഹനുഗനഹള്ളിയിൽ നിന്നാണ് സംഘം പിടിയിലായത്.(Illegal foeticide, Huge racket busted in Mysuru)
ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിവേക്, മാണ്ഡ്യ ജില്ലാ ആരോഗ്യ ഓഫീസർ (ഡിഎച്ച്ഒ) മോഹൻ, മൈസൂരു ഡിഎച്ച്ഒ ഡോ. പി.സി. കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഭ്രൂണഹത്യ ഉൾപ്പെടെ നടക്കുന്ന വീട്ടിൽ റെയ്ഡ് നടത്തിയത്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലക്ഷ്യം വെച്ചാണ് സംഘം പ്രധാനമായും പ്രവർത്തിച്ചിരുന്നത്.
അനധികൃതമായ ഈ സ്കാനിംഗിന് 25,000 രൂപ മുതൽ 30,000 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞാൽ, രഹസ്യമായി ഗർഭഛിദ്രം നടത്താൻ വരെ ഇവർ തയ്യാറായിരുന്നു. ഇതിനായി ഉപയോഗിച്ച നിരവധി മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സംഘം റെയ്ഡിൽ പിടിച്ചെടുത്തു.
റെയ്ഡ് നടക്കുന്ന സമയത്ത് സ്കാനിംഗിനായി രണ്ട് ഗർഭിണികൾ സ്ഥലത്ത് എത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബന്നൂരിലെ എസ്‌കെ ആശുപത്രിയിലെ ഒരു നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷനിൽ ഉൾപ്പെട്ട 5 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തിവരികയാണെന്നും അന്വേഷണത്തിനുശേഷം പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഡിഎച്ച്ഒ ഡോ. കുമാരസ്വാമി അറിയിച്ചു.