
ദിസ്പൂർ: അസമിലെ കാച്ചാർ മേഖലയിൽ വൻ ലഹരിമരുന്ന് വേട്ട. 2.16 കോടി രൂപ വിലമതിക്കുന്ന 21,600 ബോട്ടിൽ അനധികൃത കഫ് സിറപ്പ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബപി ഹൽദർ (45), തപാഷ് വിശ്വാസ് (42) എന്നിവരാണ് അറസ്റ്റിലായത്.വൻതോതിൽ ലഹരിമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അസം പോലീസ് ഈ ഓപ്പറേഷൻ നടത്തിയത്.
കൊൽക്കത്തയിൽ നിന്ന് ലുംദിങ്-സിൽച്ചാർ വഴി ത്രിപുരയിലേക്ക് പോവുകയായിരുന്ന ട്രക്ക് മധുര പോയിന്റിൽ വെച്ച് പോലീസ് തടഞ്ഞ് പരിശോധിച്ചു. ഈ പരിശോധനയിലാണ് വലിയ അളവിലുള്ള കഫ് സിറപ്പ് കണ്ടെത്തിയത്. 'ഇ.എസ്.കെ.യു.എഫ്' (E.S.K.U.F) എന്ന ബ്രാൻഡിലുള്ള ഈ കഫ് സിറപ്പ് വാഹനത്തിനുള്ളിലെ വിവിധ കാർട്ടണുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു.
നടപടി മധ്യപ്രദേശ് ദുരന്തത്തിന് പിന്നാലെ
അടുത്തിടെ മധ്യപ്രദേശിൽ വ്യാജ കഫ് സിറപ്പ് കുടിച്ച് 22 കുട്ടികൾ മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലഹരിയുടെ അംശമുള്ള കഫ് സിറപ്പുകളുടെ അനധികൃത കടത്ത് തടയാനുള്ള ശക്തമായ നടപടികളുമായി അസം പോലീസ് രംഗത്തെത്തിയിരിക്കുന്നത്.