ചെന്നൈ: റോക്കറ്റ് ത്രസ്റ്ററുകൾ ഉപയോഗിച്ച് വിമാനങ്ങളെ കുത്തനെ പറന്നുയരാനും (Vertical Take-off) ഇറങ്ങാനും സഹായിക്കുന്ന നിർണ്ണായക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയം കൈവരിച്ചു. ദൈർഘ്യമേറിയ റൺവേയില്ലാതെതന്നെ പറന്നുയരുന്ന വിമാനങ്ങൾ യാഥാർഥ്യമാവുന്നതോടെ വ്യോമയാന രംഗത്തിന്റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.(IIT Madras develops technology that uses rocket thrusters to help planes take off sharply)
ഐ.ഐ.ടി.യിലെ എയ്‌റോസ്‌പെയ്‌സ് എൻജിനിയറിങ് വിഭാഗത്തിലെ ഗവേഷകരാണ് ഈ പരീക്ഷണം നടത്തിയത്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിൽ കുതിപ്പ് നൽകുന്നതിന് ഉപയോഗിക്കുന്ന ത്രസ്റ്ററുകൾ യഥാർത്ഥത്തിൽ ജ്വലിപ്പിച്ചും അതിന്റെ വേഗവും ശേഷിയും കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലൂടെ നിയന്ത്രിച്ചും കണക്കുകൂട്ടിയുമാണ് ഗവേഷകർ പരീക്ഷണം നടത്തിയത്.
ത്രസ്റ്ററുകൾ ഘടിപ്പിച്ച ഒരു തട്ടിനെ (platform) തീരെ കുറഞ്ഞ വേഗത്തിൽ താഴെയിറക്കുന്നതിൽ ഗവേഷകർ വിജയം വരിച്ചു. സെക്കൻഡിൽ ഒരു മീറ്റർ എന്ന സുരക്ഷിത വേഗത്തിലാണ് ഇത് നിലം തൊട്ടത്.
സുരക്ഷിതമായ ഉയരം കൈവരിക്കുന്നതിനുള്ള പരീക്ഷണങ്ങൾകൂടി വിജയിച്ചാൽ ഈ സാങ്കേതികവിദ്യ യാഥാർഥ്യത്തോടടുക്കും. എയ്‌റോസ്പെയ്‌സ് എൻജിനിയറിങ് വകുപ്പിലെ പ്രൊഫ. പി.എ. രാമകൃഷ്ണ, ഡോ. ജോയൽ ജോർജ് മണത്തറ, അനന്ദു ഭദ്രൻ എന്നിവർ ചേർന്നാണ് ഈ ഗവേഷണം നടത്തിയത്. ഗവേഷണത്തെക്കുറിച്ചുള്ള പ്രബന്ധം 'ഇന്റർനാഷണൽ ജേണൽ ഓഫ് എയ്‌റോനോട്ടിക്കൽ ആൻഡ് സ്പെയ്സ് സയൻസിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വലിയ റൺവേ ഇല്ലാത്ത സ്ഥലങ്ങളിൽ കുത്തനെ പറന്നുയരുകയും ഇറങ്ങുകയും ചെയ്യേണ്ട ഘട്ടങ്ങളിൽ നിലവിൽ ആശ്രയിക്കുന്നത് ഹെലികോപ്റ്ററുകളെയാണ്.വേഗം കുറവാണെന്നതും അധികം ഭാരം വഹിക്കാൻ കഴിയില്ലെന്നതുമാണ് ഹെലികോപ്റ്ററുകളുടെ പ്രധാന പരിമിതി.
വലിയ വിമാനങ്ങൾക്ക് ഹെലികോപ്റ്ററുകളെപ്പോലെ പറന്നുയരാനാവുമെന്നുവന്നാൽ വ്യോമയാന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രൊഫ. രാമകൃഷ്ണ അഭിപ്രായപ്പെട്ടു.
യഥാർത്ഥ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് കമ്പ്യൂട്ടർ സിമുലേഷനിലൂടെ അതിന്റെ വേഗം നിർണ്ണയിക്കുന്നതിന് ഐ.ഐ.ടി. ആവിഷ്കരിച്ച സംവിധാനം കൃത്യതയാർന്ന നിരീക്ഷണത്തിന് സഹായിക്കുമെന്ന് ഡോ. ജോയൽ ജോർജ് പറഞ്ഞു.
റോക്കറ്റ് ത്രസ്റ്ററുകളിൽ ദ്രവ ഇന്ധനമോ ഖര ഇന്ധനമോ ഉപയോഗിക്കാം. ഓക്‌സീകാരകമായി അന്തരീക്ഷ വായുവിനെ ഉപയോഗിക്കുന്നത് സുരക്ഷ വർധിപ്പിക്കും. കൂടുതൽ പരീക്ഷണങ്ങൾക്കുശേഷം ഇതിന്റെ വാണിജ്യാവശ്യത്തിലേക്കു കടക്കാനാണ് ഗവേഷകരുടെ പദ്ധതി.