

കാൺപൂർ: ഐഐടി കാൺപൂർ കാമ്പസിൽ ഗവേഷണ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എർത്ത് സയൻസസ് വിഭാഗത്തിൽ പിഎച്ച്ഡി ചെയ്യുന്ന രാജസ്ഥാൻ സ്വദേശി രാംസ്വരൂപ് ഈശ്വരം (25) ആണ് റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ ഈ സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
രാംസ്വരൂപ് കഴിഞ്ഞ രണ്ട് വർഷമായി കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസം വൈകുന്നേരം ഒരു കൗൺസിലറെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും അതിന് മുൻപേ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.
2023 ജൂലൈയിലാണ് രാംസ്വരൂപ് കാൺപൂർ ഐഐടിയിൽ ചേർന്നത്. കാമ്പസിനുള്ളിലെ 'ന്യൂ എസ്ബിആർഎ' കെട്ടിടത്തിൽ ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകൾക്കുമൊപ്പമായിരുന്നു താമസം. മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഡിസംബർ 29-ന് ബിടെക് വിദ്യാർത്ഥിയായ ജയ് സിംഗ് മീനയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവേഷണ വിദ്യാർത്ഥിയുടെ മരണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ ഐഐടികളിൽ നടന്ന 30 ആത്മഹത്യകളിൽ ഒൻപതും നടന്നത് കാൺപൂർ ഐഐടിയിലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവും ഈ സംഭവങ്ങളോടെ വീണ്ടും ചർച്ചയാവുകയാണ്. കല്യാൺപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.