
കോളജിൽ മുസ്ലീം വിദ്യാർത്ഥികൾ ഇഫ്താർ പാർട്ടി നടത്തിയതിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിലാണ് സംഭവം നടന്നത്. ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച ചില മുസ്ലീം വിദ്യാർത്ഥികൾ കോളജ് കാമ്പസിൽ ഇഫ്താർ പാർട്ടി നടത്തിയതായി റിപ്പോർട്ടുണ്ട്. ഇതിനെതിരെയാണ് ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ഹരിദ്വാരയിൽ അഹിന്ദുക്കൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് മുനിസിപ്പൽ കോർപ്പറേഷൻ ബൈലോ പ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് ബജ്‌റംഗ്ദൾ ഭാരവാഹി അമിത് കുമാർ അവകാശപ്പെടുന്നു. മൂന്ന് ദിവസത്തിനുള്ളിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ പുറത്താക്കുന്നതിനുള്ള നടപടികൾ മാനേജ്മെന്റ് സ്വീകരിച്ചില്ലെങ്കിൽ, പ്രതിഷേധം ശക്തമാക്കാൻ ബജ്‌റംഗ്ദൾ നിർബന്ധിതരാകും അമിത് കുമാർ പറയുന്നു.