
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ 41 പേരുടെ മരണത്തിനു പിന്നാലെ, വിപ്ലവകരമായ ആഹ്വാനവുമായി പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ പോസ്റ്റ്. യുവജന വിപ്ലവത്തിനു സമയമായെന്നും ശ്രീലങ്കയും നേപ്പാളും ആവർത്തിക്കുമെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ, ടിവികെ നേതാക്കളെ പോലീസ് മർദിക്കുന്നതിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു.
ആദവ് അർജുനയുടെ പോസ്റ്റിന്റെ പൂർണരൂപം:
‘‘പോലീസ് ഭരണവർഗത്തിന്റെ അടിമകളായി മാറിയാൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു വഴി യുവജന വിപ്ലവമാണ്. ശ്രീലങ്കയിലും നേപ്പാളിലും അധികാരികൾക്കെതിരെ യുവജനങ്ങളും ജെൻ സീയും ഒരുമിച്ച് വിപ്ലവം നടത്തിയതുപോലെ ഇവിടെയും ഒരു യുവജന മുന്നേറ്റം സംഭവിക്കും. ആ മുന്നേറ്റം ഭരണമാറ്റത്തിനും രാഷ്ട്രീയ ഭീകരവാദത്തിന്റെ അവസാനത്തിനും കാരണമാകും.’’
ഈ പോസ്റ്റിനെതിരെ പലരും രംഗത്തെത്തി. ആദവ് നടത്തിയത് കലാപ ആഹ്വാനമാണെന്ന് ഡിഎംകെ ആരോപിച്ചു. പോസ്റ്റ് വിവാദമായതോടെ പിൻവലിക്കുകയൂം ചെയ്തു.