ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് കടുത്ത മുന്നറിയിപ്പുമായി ഐ സി സി. ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെങ്കിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത് എന്നാണ് സൂചന.(ICC's ultimatum to Bangladesh on T20 World Cup issue )
വിഷയത്തിൽ അന്തിമ നിലപാട് വ്യക്തമാക്കാൻ ജനുവരി 21 വരെയാണ് ബംഗ്ലാദേശിന് സമയം അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ച ധാക്കയിൽ വെച്ച് നടന്ന ചർച്ചയിൽ ഐസിസി പ്രതിനിധികൾ ഇക്കാര്യം ബിസിബിയെ അറിയിച്ചു. ലോകകപ്പ് ആരംഭിക്കാൻ കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബംഗ്ലാദേശിന്റെ അനിശ്ചിതത്വം ടൂർണമെന്റിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഐസിസിയുടെ ഈ കർക്കശമായ നീക്കം.
പ്രശ്നപരിഹാരത്തിനായി ബംഗ്ലാദേശ് മുൻപ് മുന്നോട്ടുവെച്ച ബദൽ നിർദേശങ്ങളെല്ലാം ഐസിസി നേരത്തെ തന്നെ തള്ളിയിരുന്നു. ടൂർണമെന്റ് മുൻ നിശ്ചയിച്ച പ്രകാരം ഇന്ത്യയിൽ തന്നെ നടക്കുമെന്നും എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നുമാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ യോഗ്യതാ പട്ടികയിൽ പിന്നിലുള്ള സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തി മത്സരക്രമം പൂർത്തിയാക്കാനാണ് ഐസിസിയുടെ നീക്കം.