മുംബൈ: നടൻ സെയ്ഫ് അലിഖാനെ എൻആർഐ ബിസിനസ്സുകാരൻ മർദിക്കുന്നത് കണ്ടുവെന്ന് നടി അമൃത അറോറ കോടതിയിൽ മൊഴി നൽകി. എൻആർഐ ബിസിനസ്സുകാരൻ ഇഖ്ബാൽ ശർമയെയും ഭാര്യാപിതാവിനെയും സെയ്ഫ് അലിഖാൻ മർദിച്ചെന്ന കേസിലാണ് നടിയുടെ മൊഴി.
2012 ഫെബ്രുവരിയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു സംഭവം നടന്നത്. നടിയും സുഹൃത്തുക്കളും സെയ്ഫ് അലി ഖാനൊപ്പം ഹോട്ടലിൽ എത്തി. ഹോട്ടലുകാർ അവർക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. സെയ്ഫിനൊപ്പം ഭാര്യ കരീനകപൂറും അവരുടെ സഹോദരി കരിഷ്മ കപൂറും നടി മലൈക അറോറയും മറ്റ് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആ സമയം പരാതിക്കാരനായ ഇഖ്ബാൽ ശർമ അവിടേക്കെത്തി ബഹളം വച്ചതായി നടിയുടെ മൊഴിയിൽ പറയുന്നു. നിശബ്ദനായിരിക്കാൻ അയാൾ ആക്രോശിച്ചു. സെയ്ഫ് അലിഖാൻ അയാളോട് മാപ്പ് പറഞ്ഞു. പിന്നീട് സെയ്ഫ് ശുചിമുറിയിലേക്കു പോയപ്പോഴും അവിടെ വച്ചും തർക്കമുണ്ടായി. പരാതിക്കാരൻ പിന്നീട് തങ്ങളുടെ അടുത്തേക്ക് എത്തി സെയ്ഫിനെ മർദിച്ചതായും നടി മൊഴി നൽകിയിട്ടുണ്ട്.
നടനും സംഘവും ഹോട്ടലിൽ ബഹളമുണ്ടാക്കിയപ്പോൾ പ്രതിഷേധിച്ച ഇഖ്ബാൽ ശർമയെ ഭീഷണിപ്പെടുത്തിയെന്നും മൂക്കിൽ ഇടിച്ചു പരുക്കേൽപ്പിച്ചു എന്നുമാണ് കേസ്. ശർമ സ്ത്രീകൾക്കു നേരെ മോശമായ ഭാഷ ഉപയോഗിച്ചെന്നാണ് സെയ്ഫിന്റെ വാദം. ഐപിസി 325 അനുസരിച്ചാണ് കുറ്റപത്രം നൽകിയിട്ടുള്ളത്.