കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. ഐ-പാക് ഓഫീസിലെ ഇഡി റെയ്ഡ് തടസ്സപ്പെടുത്തിയതിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനെതിരെ തടസ്സ ഹർജിയുമായി തൃണമൂൽ കോൺഗ്രസും കോടതിയിലെത്തിയിട്ടുണ്ട്.(I-PAC raid, ED and TMC move Supreme Court)
കൽക്കരി കടത്ത് കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി രേഖകളും ലാപ്ടോപ്പുകളും കടത്തിക്കൊണ്ടുപോയെന്നും തെളിവുകൾ നശിപ്പിച്ചെന്നുമാണ് ഇഡിയുടെ ആരോപണം. ഇതിൽ സിബിഐ അന്വേഷണം വേണമെന്നും പിടിച്ചെടുത്ത രേഖകൾ തിരികെ നൽകാൻ നിർദ്ദേശിക്കണമെന്നും ഇഡി ആവശ്യപ്പെടുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂലിന്റെ പ്രചാരണ തന്ത്രങ്ങളും വിവരങ്ങളും ചോർത്താനാണ് ബിജെപി നിർദ്ദേശപ്രകാരം ഇഡി ശ്രമിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു. ഇഡി പിടിച്ചെടുത്ത 'രഹസ്യ രേഖകൾ' തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ടിഎംസി കൊൽക്കത്ത ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ, പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി. ശനിയാഴ്ച രാത്രി 8:20-ഓടെ പശ്ചിമ മേദിനിപൂരിലെ ചന്ദ്രകോണ റോഡിൽ വെച്ചാണ് ആക്രമണം നടന്നത്. ടിഎംസി പ്രവർത്തകർ വടികളും മുളകളുമായി വാഹനവ്യൂഹം തടയുകയും ആക്രമിക്കുകയും ചെയ്തതായി ബിജെപി ആരോപിച്ചു.
ആക്രമണത്തിന് പിന്നാലെ സുവേന്ദു അധികാരി ചന്ദ്രകോണ പോലീസ് ഔട്ട്‌പോസ്റ്റിനുള്ളിൽ ആറ് മണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) റിപ്പോർട്ട് തേടിയിട്ടുണ്ട്. സുവേന്ദു അധികാരിയുടെ ഓഫീസിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മന്ത്രാലയം ആവശ്യപ്പെട്ടു.