

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെങ്കിലും വ്യാപാര തീരുവയുടെ കാര്യത്തിൽ അദ്ദേഹം തന്നോട് അതൃപ്തനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചതായും ട്രംപ് അവകാശപ്പെട്ടു.(I have a very good relationship with PM Modi, but he's not very happy with me right now, says Trump)
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം തീരുവയാണ് ട്രംപ് ഭരണകൂടം നിലവിൽ ചുമത്തിയിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനാൽ 25 ശതമാനം അധിക തീരുവയും ഇതിൽ ഉൾപ്പെടുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ഇനിയും കുറച്ചില്ലെങ്കിൽ ഇന്ത്യ കൂടുതൽ പിഴ നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മോദി തന്നെ നേരിട്ട് കാണാനെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
"മോദി വളരെ നല്ല മനുഷ്യനാണ്. എനിക്ക് അദ്ദേഹവുമായി നല്ല ബന്ധമുണ്ട്, പക്ഷേ അദ്ദേഹം ഹാപ്പിയല്ല. കാരണം അവർ ഇപ്പോൾ വലിയ തുക തീരുവയായി നൽകുന്നുണ്ട്. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹത്തിന് അറിയാം." വ്യാപാര തർക്കങ്ങൾക്കിടയിലും ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടുകളിൽ ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
വർഷങ്ങളായി മുടങ്ങിക്കിടന്ന അപ്പാഷെ ഹെലികോപ്റ്റർ ഇടപാടിൽ ഇന്ത്യ 68 എണ്ണത്തിന് ഓർഡർ നൽകിയതായി ട്രംപ് പറഞ്ഞു. ഇത്രയും വലിയ പ്രതിരോധ ഓർഡർ നൽകിയ സാഹചര്യത്തിൽ ഇന്ത്യക്കുള്ള തീരുവയിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന സൂചനയും ട്രംപ് നൽകി.
ഈ ആഴ്ചയുടെ തുടക്കത്തിൽ എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഇന്ത്യക്കെതിരെയുള്ള തീരുവ വർദ്ധിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. റഷ്യൻ എണ്ണ വിഷയത്തിൽ ഇന്ത്യ പിന്നോട്ട് പോയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു അന്നത്തെ മുന്നറിയിപ്പ്. എങ്കിലും, ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മോദിയും ട്രംപും അടുത്തിടെ ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ചർച്ചകൾ തുടരാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.