ഗ്വാളിയോർ: ഭർത്താവും മാതാപിതാക്കളും കാമുകനും കോടതിമുറിയിൽ കാത്തുനിൽക്കെ, സ്വന്തം ജീവിതം ആർക്കൊപ്പം വേണമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച് 19-കാരി. “ഞാൻ പ്രായപൂർത്തിയായവളാണ്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ജീവിക്കുന്നത്. ഭർത്താവിനോടൊപ്പമോ മാതാപിതാക്കളോടൊപ്പമോ പോകാൻ എനിക്ക് താൽപ്പര്യമില്ല,” എന്ന് യുവതി കോടതിയിൽ വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് യുവതിയുടെ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.(I am an adult, Court allows 19-year-old to leave husband and parents and move in with lover)
യുവതിയുടെ ഭർത്താവ് അവ്ധേഷ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി വിധി. തന്റെ ഭാര്യയെ അനുജ് കുമാർ എന്നൊരാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഭർത്താവിന്റെ പരാതി. കോടതി നിർദ്ദേശപ്രകാരം പോലീസ് യുവതിയെ കണ്ടെത്തുകയും വൺ-സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ച ശേഷം കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
കോടതിയിൽ തന്റെ നിലപാട് വ്യക്തമാക്കിയ യുവതി, തന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞു. തനിക്ക് 19 വയസ്സും ഭർത്താവിന് 40 വയസ്സുമാണെന്നും, 21 വയസ്സിന്റെ ഈ പ്രായവ്യത്യാസം ബന്ധത്തെ ബാധിച്ചുവെന്നും അവർ പറഞ്ഞു. വിവാഹജീവിതം സന്തോഷകരമായിരുന്നില്ലെന്നും ഭർത്താവിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായതായും യുവതി ആരോപിച്ചു. തനിക്ക് പങ്കാളിയായ അനുജ് കുമാറിനൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
തുടർന്ന് കോടതി യുവതിക്ക് കൗൺസിലിംഗ് അനുവദിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. യുവതിയെ സുരക്ഷിതമായി നോക്കിക്കൊള്ളാമെന്ന് പങ്കാളിയും കോടതിക്ക് ഉറപ്പുനൽകി. ജസ്റ്റിസ് ആനന്ദ് പഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് യുവതിയുടെ തീരുമാനത്തിനാണ് മുൻഗണന നൽകിയത്. പ്രായപൂർത്തിയായ ഒരാൾക്ക് ആർക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ആവർത്തിച്ചു. യുവതി ആരുടെയും നിയമവിരുദ്ധമായ തടങ്കലിലല്ലെന്ന് വ്യക്തമായതോടെ ഭർത്താവിന്റെ ഹർജി കോടതി തള്ളി.
കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതിയും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. വിവാഹിതനായ ഒരാൾ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി അവരുടെ സമ്മതത്തോടെ ലിവിംഗ് ടുഗദർ ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. ധാർമ്മികതയും നിയമവും വേറിട്ടുതന്നെ നിൽക്കണമെന്നും സാമൂഹിക അഭിപ്രായങ്ങൾ പൗരന്മാരുടെ അവകാശങ്ങളെ ബാധിക്കരുതെന്നും കോടതി നിരീക്ഷിച്ചു.

