

ഹൈദരാബാദ്: ഓൺലൈൻ ഓഹരി വിപണി നിക്ഷേപത്തിന്റെ പേരിൽ ഹൈദരാബാദ് സ്വദേശിയായ 38-കാരന് 27.05 ലക്ഷം രൂപ നഷ്ടപ്പെട്ടു (Trading Scam). ഫേസ്ബുക്കിൽ കണ്ട ഒരു ട്രേഡിങ് പരസ്യത്തിലൂടെയാണ് ഇയാൾ തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നത്. ഓഹരി വിപണി വിദഗ്ധരെന്ന വ്യാജേന സമീപിച്ച തട്ടിപ്പുകാർ ഇയാളെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും ചുരുങ്ങിയ കാലയളവിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു.
തുടക്കത്തിൽ 'ADVPMA' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട സംഘം, നിക്ഷേപിച്ച 10,000 രൂപയ്ക്ക് കൃത്യമായി ലാഭം നൽകി ഇയാളുടെ വിശ്വാസം പിടിച്ചുപറ്റി. ഇതിൽ ആകൃഷ്ടനായി കൂടുതൽ തുക നിക്ഷേപിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. ഘട്ടംഘട്ടമായി 27.05 ലക്ഷം രൂപയാണ് ഇയാൾ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. ട്രേഡിങ് ആപ്പിൽ ലാഭമുൾപ്പെടെ 81.69 ലക്ഷം രൂപ ബാലൻസ് കാണിച്ചിരുന്നെങ്കിലും, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.
പണം പിൻവലിക്കാനുള്ള ഓപ്ഷൻ തട്ടിപ്പുകാർ ബ്ലോക്ക് ചെയ്യുകയും, പണം തിരികെ ലഭിക്കുന്നതിനായി പ്രോസസിങ് ചാർജും ടാക്സും എന്ന പേരിൽ 50 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ താൻ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ട ഇയാൾ ഹൈദരാബാദ് സൈബർ ക്രൈം പോലീസിനെ സമീപിച്ച് പരാതി നൽകി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ലോ ഔദ്യോഗിക പോർട്ടലിലോ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
A 38-year-old man from Hyderabad was swindled of Rs 27.05 lakh in a fraudulent online stock market trading scheme. The scam began with a Facebook advertisement that led the victim to a WhatsApp group where "experts" promised high returns through a fake app called ADVPMA. After being lured by initial small profits, the victim invested over Rs 27 lakh, only to find his account blocked when he attempted to withdraw his displayed balance of over Rs 81 lakh.