
ചെന്നൈ: തമിഴ്‌നാട് വഴി ശ്രീലങ്കയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതിന് പിന്നിൽ മാവോയിസ്റ്റുകളാണെന്ന് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി റിപ്പോർട്ട് (Hybrid cannabis smuggling). അടുത്തിടെ, ചെന്നൈയിലേക്കും മധുരയിലേക്കും കടത്താൻ ശ്രമിച്ച 4.05 ലക്ഷം രൂപ വിലമതിക്കുന്ന 729 കിലോഗ്രാം ഉയർന്ന ഗ്രേഡ് കഞ്ചാവ് എൻസിബി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മാവോയിസ്റ്റുകളാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് വ്യക്തമായി.
ശ്രീലങ്കയിൽ ഉയർന്ന നിലവാരമുള്ള കഞ്ചാവിന് ആവശ്യക്കാർ ഏറെയാണ്. ഇതിന്റെ ഫലമായി, രാജ്യത്തേക്ക് കഞ്ചാവ് കടത്തുന്നതിനുള്ള ഒരു കവാടമായി തമിഴ്നാട് മാറിയിരിക്കുന്നു. ഇതിനായി, ആന്ധ്രാപ്രദേശ്-ഒഡീഷ അതിർത്തിയിലുള്ള ജിന്നക്കരുവിലെ മലയോര ഗ്രാമത്തെ മാവോയിസ്റ്റുകൾ കഞ്ചാവ് സംഭരണശാലയാക്കി മാറ്റിയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പുറത്തുനിന്നുള്ളവർക്ക് ഈ ഗ്രാമത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത സാഹചര്യമുണ്ട്. എന്നിരുന്നാലും, 2023-ൽ ഞങ്ങൾ മാവോയിസ്റ്റ് സുന്ദർ റാവുവിനെ (39) ഇവിടെ നിന്നും അറസ്റ്റ് ചെയ്തു. 17 കോടി രൂപ വിലമതിക്കുന്ന 1,760 കിലോഗ്രാം ഉയർന്ന ഗ്രേഡ് കഞ്ചാവ് ഇയാളിൽ നിന്ന് ഞങ്ങൾ പിടിച്ചെടുത്തു എന്നാണ് ഒരു എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞത്. അതുപോലെ, മണിപ്പൂർ, കേരളം, ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകൾ തദ്ദേശവാസികളെ കഞ്ചാവ് ചെടികൾ വളർത്താൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന ഗ്രേഡ് കഞ്ചാവ് തമിഴ്‌നാട്ടിലേക്ക് കടത്തുന്നുമുണ്ട്.
അടുത്തിടെ അറസ്റ്റിലായ വ്യക്തികളെ ചോദ്യം ചെയ്തതിൽ നിന്ന്, ഉയർന്ന നിലവാരമുള്ള കഞ്ചാവ് കടത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന പോലീസിന്റെ സഹായത്തോടെ ഞങ്ങൾ അടുത്ത നടപടി സ്വീകരിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.