
ബിഹാർ: ഭർത്താവിന്റെ സുഹൃത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു.
പശ്ചിമ ചമ്പാരനിലെ ബേട്ടിയയിൽ നിന്നാണ് ഈ വാർത്ത പുറത്ത് വരുന്നത്. വീഡിയോ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും ഇത് വൈറലാക്കുമെന്നും സ്ത്രീയെ ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്.
ഏകദേശം രണ്ടര വർഷം മുമ്പ്, തന്റെ വീട്ടിലെ കുളിമുറിയിൽ കുളിക്കുന്ന ദൃശ്യങ്ങൾ ആണ് ഭർത്താവിന്റെ സുഹൃത്ത് പകർത്തിയതെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഈ ദൃശ്യങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനും ശാരീരികമായി പീഡിപ്പിക്കാനും തുടങ്ങി എന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 3 ന്, ഭർത്താവിന്റെ സുഹൃത്ത് വീണ്ടും സ്ത്രീയുടെ വീട്ടിലെത്തി, സ്ത്രീയെ ശാരീരികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കുഞ്ഞിനെയും ഭർത്താവിനെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഗത്യന്തരം ഇല്ലാതെ വന്നതോടെ യുവതി പരാതിയുമായി വനിതാ പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.
യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.