

ഭോപ്പാൽ: സ്വന്തം അധ്വാനവും സമ്പാദ്യവും ചിലവാക്കി ഭാര്യയെ പോലീസ് ഉദ്യോഗസ്ഥയാക്കിയ ഭർത്താവിന് ഒടുവിൽ ലഭിച്ചത് വിവാഹമോചന നോട്ടീസ്. ഭർത്താവിന്റെ പരമ്പരാഗത വസ്ത്രധാരണവും പൂജാരി എന്ന നിലയിലുള്ള ജീവിതരീതിയും തനിക്ക് സമൂഹത്തിന് മുന്നിൽ നാണക്കേടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സിനിമയെ വെല്ലുന്ന ഈ യഥാർത്ഥ സംഭവമുണ്ടായത്.(Husband worked hard to make wife a police officer, later she sends him a divorce notice)
ക്ഷേത്രത്തിലെ പൂജാരിയായ ഭർത്താവ്, വിവാഹസമയത്ത് ഭാര്യ പ്രകടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹം നിറവേറ്റാൻ രാപ്പകൽ അധ്വാനിക്കുകയായിരുന്നു. തന്റെ സമ്പാദ്യമെല്ലാം ഭാര്യയുടെ പഠനത്തിനും പരീക്ഷാ പരിശീലനത്തിനുമായി അദ്ദേഹം നീക്കിവെച്ചു. കഠിനാധ്വാനത്തിനൊടുവിൽ യുവതിക്ക് സബ് ഇൻസ്‌പെക്ടറായി ജോലി ലഭിക്കുകയും ചെയ്തു.
ജോലി ലഭിച്ചതോടെ ഭർത്താവിന്റെ രീതികൾ തനിക്ക് ചേരുന്നതല്ലെന്ന നിലപാടിലേക്ക് യുവതി മാറി. ഭർത്താവ് സ്ഥിരമായി ധോത്തിയും കുർത്തയും ധരിക്കുന്നത് തനിക്ക് അപകർഷതാബോധം ഉണ്ടാക്കുന്നു. തലയ്ക്ക് പിന്നിലെ കുടുമയും പൂജാരി എന്ന തൊഴിലും മാറ്റണമെന്ന ഭാര്യയുടെ ആവശ്യം ഭർത്താവ് നിരസിച്ചു. തന്റെ വ്യക്തിത്വവും വിശ്വാസവും തൊഴിലും മാറ്റാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭോപ്പാൽ കുടുംബ കോടതിയിൽ എത്തിയ കേസിൽ പലവട്ടം കൗൺസിലിംഗ് നടത്തിയിട്ടും വിവാഹമോചനം വേണമെന്ന നിലപാടിൽ യുവതി ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ഇപ്പോഴും അനുനയത്തിന് തയ്യാറാണെന്നാണ് ഭർത്താവ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഇത്തരം കേസുകൾ വർദ്ധിച്ചുവരികയാണെന്നും കൗൺസിലിംഗിലൂടെ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ജില്ലാ ജഡ്ജി അന്തിമ തീരുമാനമെടുക്കുമെന്നും കുടുംബ കോടതി അഭിഭാഷകൻ പരിഹാർ വ്യക്തമാക്കി.