
ലക്നൗ : ഉത്തർപ്രദേശിലെ മീററ്റിൽ, മർച്ചന്റ് നേവിയിൽ ജോലി നോക്കിയിരുന്ന ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഭാര്യ. ക്രൂര കൊലപാതകത്തിന് ശേഷം , മൃതദേഹം ഒരു ഡ്രമ്മിൽ ഇട്ടു സിമന്റ് ലായനി നിറക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പ്രദേശ വാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഡ്രിൽ മെഷീൻ ഉപയോഗിച്ച് ഡ്രം പൊട്ടിച്ച് മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും, കഴിയാതെ വന്നത്തോടെ ഡ്രം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മീററ്റിലെ ഇന്ദിരാനഗറിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. മരിച്ചയാളുടെ പേര് സൗരഭ് കുമാർ രജ്പുത് എന്നാണ്. മുസ്‌കാൻ എന്ന യുവതിയാണ് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം സൗരഭ് കുമാറിന് ലണ്ടനിലാണ് നിയമനം ലഭിച്ചത്. ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ മാർച്ച് 4 ന് അദ്ദേഹം മീററ്റിലേക്ക് മടങ്ങി. ഇതിനുശേഷം യുവാവിനെ കാണാതായി. മാർച്ച് 18 ചൊവ്വാഴ്ച, സൗരഭിന്റെ സഹോദരൻ രാഹുൽ ഇദ്ദേഹത്തെ അന്വേഷിച്ച് വീട്ടിലെത്തി. അപ്പോൾ സൗരഭിന്റെ ഭാര്യയും അജ്ഞാതനായ ഒരു യുവാവുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇതോടെ രാഹുലിന് സംശയം തോന്നി.
ഇതിനുശേഷം രാഹുൽ മുറിയിലേക്ക് പോയി, അവിടെ അദ്ദേഹത്തിന് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ഇയാൾ മുസ്‌കാനെയും യുവാവിനെയും ചോദ്യം ചെയ്യാൻ തുടങ്ങി. എന്നാൽ ഇവരിൽ നിന്നും മറുപടി കിട്ടാതെ വന്നതോടെ ഇയാൾ മടങ്ങുകയായിരുന്നു. തുടർന്നാണ് ,പൂർണ്ണമായും സിമന്റ് നിറച്ച ഒരു വലിയ പ്ലാസ്റ്റിക് ഡ്രം കണ്ടെത്തുകയും , ഇതിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്നു മനസ്സിലാക്കുകയും ചെയ്ത പ്രദേശ വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ, മുസ്‌കാനും കാമുകൻ സാഹിലും ചേർന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തിയെന്ന് പ്രതികൾ മൊഴി നൽകി. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ഒരു പ്ലാസ്റ്റിക് ഡ്രമ്മിൽ ഇട്ടു, ആർക്കും സംശയം തോന്നാതിരിക്കാൻ സിമന്റ് നിറക്കുകയും ചെയ്തതായി പ്രതികൾ പറയുന്നു.