പുരി : വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെയും ആൺസുഹൃത്തിനെയും മര്‍ദിച്ച് മാല അണിയിച്ച് തെരുവിലൂടെ നടത്തി ഭര്‍ത്താവും സുഹൃത്തുക്കളും. പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ പ്രദക്ഷിണം ചെയ്യിച്ചത്.
ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. സ്കൂള്‍ അധ്യാപകരാണ് ഇരുവരും.ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോളേജ് അധ്യാപകനായ ഭര്‍ത്താവുമായി ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു അധ്യാപിക.
പുരിയിലെ നീമാപഡ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി ഭര്‍ത്താവും കൂട്ടാളികളും ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഭര്‍ത്താവ് ഭാര്യയേയും സുഹൃത്തിനേയും മര്‍ദിക്കുകയും വീട്ടില്‍നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും ചെയ്തു.
ജനങ്ങള്‍ നോക്കിനില്‍ക്കെ, ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ഇരുവരെയും മാല അണിയിക്കുകയും യുവാവിനെ വിവസ്ത്രനാക്കുകയും ചെയ്തു. തുടര്‍ന്ന് ആള്‍ക്കൂട്ടം വളഞ്ഞ ഇരുവരെയും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നടക്കാന്‍ നിര്‍ബന്ധിച്ചു.
ഈ സമയം കാഴ്ചക്കാര്‍ സംഭവം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.വിവരമറിഞ്ഞ് പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെട്ടു.സ്ത്രീത്വത്തെ അപമാനിച്ചതിനും നിയമവിരുദ്ധമായി കയ്യേറ്റം ചെയ്തതിനും ഭര്‍ത്താവിനെയും ഇയാളുടെ കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.