
ചിക്കമംഗളൂരു (കർണാടക): കർണാടകയിലെ ചിക്കമംഗളൂരുവിൽ അന്ധവിശ്വാസത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലിട്ട് മൂടിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അലഗാട്ട സ്വദേശിയായ വിജയ് (30) ആണ് ഇരുപത്തിയെട്ടുകാരിയായ ഭാര്യ ഭാരതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വിജയ് മൂന്ന് മൃഗങ്ങളെ ബലി നൽകിയെന്നും പോലീസ് കണ്ടെത്തി.
കൊലപാതകവും ഒളിച്ചുവെക്കലും
ഒന്നര മാസം മുൻപ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വിജയ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ, അന്വേഷണത്തിനൊടുവിൽ ഭാരതിയെ വിജയ് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.ഭാരതിയുടെ മൃതദേഹം കൃഷിസ്ഥലത്തെ ആഴമേറിയ കിണറ്റിലിട്ട ശേഷം മുകളിൽ കോൺക്രീറ്റ് ചെയ്ത് അടച്ചു.കൊലപാതകത്തിന് ശേഷം അന്ധവിശ്വാസപരമായ ആചാരങ്ങൾ വിജയ് പിന്തുടർന്നു. ചെമ്പ് തകിടിൽ ഭാര്യയുടെ പേരെഴുതി മരത്തിൽ അടിച്ച് സ്ഥാപിക്കുകയും, വീട്ടിൽ സൂക്ഷിച്ചിരുന്ന ഭാരതിയുടെ ചിത്രത്തിലെ കണ്ണിന്റെ സ്ഥാനത്ത് ആണി അടിച്ചു കയറ്റുകയും ചെയ്ത നിലയിൽ കണ്ടെത്തി.
പോലീസ് സ്ഥലത്തെത്തി വിജയ്‌യെ അറസ്റ്റ് ചെയ്തപ്പോഴാണ് അയൽവാസികൾ പോലും കൊലപാതക വിവരം അറിയുന്നത്. സംഭവത്തിൽ വിജയുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.