

ലഖ്നൗ: യുപിയിലെ ഹാഥ്‍റസിലെ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂൾ ഉടമ ജശോധൻ സിങ്, ഇദ്ദേഹത്തിന്റെ മകനും സ്‌കൂൾ ഡയറക്‌ടറുമായിരുന്ന ദിനേഷ് ബാഗേൽ, മൂന്ന് അധ്യാപകർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് അന്ധവിശ്വാസമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിനു പിന്നിലെന്നുമാണ് പൊലീസിന്റെ നിഗമനം. സഹപാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റാസ്‌ഗവാനിലെ ഡിഎൽ പബ്ലിക് സ്‌കൂളിലായിരുന്നു ക്രൂര സംഭവം.
സ്കൂളിൻറെ അഭിവൃദ്ധിക്കും യശസ്സിനും വേണ്ടിയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. സെപ്തംബർ ആറിന് മറ്റൊരു ആൺകുട്ടിയെ നരബലി നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ, കുട്ടി നിലവിളിച്ചതോടെ പദ്ധതി പാളി. പിന്നീട് നടന്ന വൈദ്യപരിശോധനയിൽ കുട്ടിയുടെ കഴുത്ത് ഞെരിച്ചതായി സ്ഥിരീകരിച്ചിരുന്നു.