
ആംആദ്മി രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉള്‍പ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ആംആദ്മി പാർട്ടിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. കുട്ടികള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ മുഖ്യമന്ത്രി അതിഷിയും പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു എന്നും കത്തില്‍ പറയുന്നു. കുട്ടികളെ രാഷ്ട്രീയപ്രചരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്നും പാര്‍ട്ടികളെ വിലക്കാന്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കത്തിലൂടെ കമ്മിന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കുട്ടികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നും എന്ത് നടപടി സ്വീകരിച്ചുവെന്ന് ഏഴ് ദിവസത്തിനകം അറിയിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ എക്‌സിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രചാരണ പരിപാടികള്‍ക്കുള്‍പ്പെടെ കുട്ടികള്‍ പങ്കെടുക്കുന്ന വിഡിയോയാണ് എഎപി നേതാക്കള്‍ എക്‌സില്‍ പങ്കുവച്ചിരുന്നത്.