ശ്രീനഗര്‍: പഹല്‍ഗാമിലേക്ക് വിനോദസഞ്ചാരികള്‍ വീണ്ടും എത്തി തുടങ്ങിയെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ജനതിരക്കില്‍ സജീവമായ പഹല്‍ഗാമിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരാക്രണത്തിന് ശേഷം വിജനമായ പഹല്‍ഗാമില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണെന്നും അദ്ദേഹം പറഞ്ഞു. ജനതിരക്കേറിയ പഹല്‍ഗാമിലെ നഗരങ്ങളുടെയും ഗതാഗതക്കുരിക്കിന്റെയുമൊക്കെ ദൃശ്യങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു.
''അവസാനമായി ഞാന്‍ പഹല്‍ഗാമിലേക്ക് പോയപ്പോള്‍ അവിടം മരുഭൂമിപോലെ ശൂന്യമായിരുന്നു. എന്നാല്‍ ഇന്ന് തിരികെയെത്തിയപ്പോള്‍ തിരക്കുപിടിച്ച നഗരങ്ങളാണ് ഞാന്‍ കണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ മനോഹരമായ മഴയുള്ള കാലാവസ്ഥ ആസ്വദിക്കുകയാണ്." - ചിത്രങ്ങള്‍ പങ്കുവെച്ച ശേഷം അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രീനഗറില്‍ ക്യാബിനറ്റ് യോഗം ചേര്‍ന്നിരുന്നു. ആക്രമണത്തിന് പിന്നാലെ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. മെയ് മാസത്തില്‍ ഹോട്ടലുകളില്‍ 80 ശതമാനം ബുക്കിങ്ങുകളാണ് റദ്ദാക്കിയത്. അടച്ചിട്ട 48 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 16 എണ്ണം ഇപ്പോള്‍ തുറന്നിട്ടുണ്ട്.
ഇതോടെ, ഭൂമിയുടെ പറുദീസ എന്നറിയപ്പെടുന്ന കശ്മീരില്‍ ടൂറിസം വീണ്ടും സജീവമാകുകയാണ്. ടൂറിസം വ്യവസായം കാശ്മീരിന്റെ ജീവനാഡിയാണ്. ജമ്മു കശ്മീരിന്റെ ജിഡിപിയുടെ 7-8 ശതമാനം വരെയാണിത്.