ചെന്നൈ: വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിൻ്റെ പിടിയിലായി. എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരനായ ജയ്പൂർ സ്വദേശി ഉൾപ്പെടെ 5 പേരെയാണ് ചെന്നൈ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.(Huge gold smuggling gang, including Emirates employee, arrested in Chennai)
അറസ്റ്റിലായ വിമാന ജീവനക്കാരനിൽ നിന്നായി 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ നെഞ്ചിലും അരയിലും പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. യാത്രക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു വിമാന ജീവനക്കാരനെയും, സ്വർണം സ്വീകരിക്കാൻ എത്തിയ മൂന്ന് പേരെയും വിമാനത്താവളത്തോട് ചേർന്നുള്ള ഹോട്ടലിൽ വെച്ച് കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ദുബായിൽ സ്ഥിരതാമസക്കാരനായ ഈ എമിറേറ്റ്‌സ് വിമാന ജീവനക്കാരൻ പോലീസിന് നൽകിയ മൊഴി പ്രകാരം, കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.