ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. രണ്ട് സ്ത്രീകളിൽ നിന്നായി ഏകദേശം 28 കിലോഗ്രാമിലധികം ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 10 കോടി രൂപയോളം വിലമതിപ്പുണ്ട്.(Huge drug bust at Chennai airport, 2 women arrested with hydroponic cannabis worth Rs 10 crore)
പ്രതികളുടെ ബാഗേജ് വിവരങ്ങളിൽ സംശയം തോന്നിയതിനെ തുടർന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയത്. ഇവരുടെ ചെക്ക്-ഇൻ സ്യൂട്ട്കേസുകൾ വിശദമായി പരിശോധിച്ചപ്പോൾ, ഭദ്രമായി പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിൽ 28.080 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്നാണ് ഇവർ മയക്കുമരുന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ വെച്ച് ചിലർ സ്യൂട്ട്കേസുകൾ കൈമാറിയെന്നും, ചെന്നൈയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് പ്രതികൾ നൽകിയ മൊഴി. വലിയ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്താണ് ഇവരെ മയക്കുമരുന്ന് കടത്തിന് പ്രേരിപ്പിച്ചതെന്നും എൻ.സി.ബി. കരുതുന്നു.
അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ്. രണ്ടാമത്തെ സ്ത്രീ മുമ്പ് ദുബായിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയും നിലവിൽ ചെന്നൈയിൽ താമസിക്കുകയും ചെയ്യുന്നു. ഇവർ ചലച്ചിത്ര മേഖലയിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാറുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഉയർന്ന വിലയുള്ള ഹൈഡ്രോപോണിക് കഞ്ചാവ് കോളിവുഡ് സിനിമാ മേഖലയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്നാണ് എൻ.സി.ബി.യുടെ സംശയം. അടുത്തിടെ കോളിവുഡ് താരങ്ങളായ ശ്രീകാന്ത്, കൃഷ്ണ എന്നിവർ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായ പശ്ചാത്തലത്തിൽ, ചലച്ചിത്ര മേഖലയിലെ മയക്കുമരുന്ന് കണ്ണികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ എൻ.സി.ബി. തീരുമാനിച്ചു.
തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഈ ശൃംഖലയുടെ പണം മുടക്കുന്നവരെയും വിതരണക്കാരെയും ഇവിടെ സ്വീകരിക്കുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഇരു സ്ത്രീകൾക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ നാഷണൽ നാർക്കോട്ടിക്സ് ഹെൽപ്പ് ലൈൻ നമ്പറായ 1933-ൽ അറിയിക്കണമെന്ന് എൻ.സി.ബി. നിർദേശിച്ചു.