ന്യൂഡൽഹി: സർക്കാരിന്റെ അധികാരത്തിൽ കൈകടത്തിയെന്ന് ആരോപണവിധേയരായ തങ്ങൾ എങ്ങനെ രാഷ്ട്രപതി ഭരണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി. മുർഷിദാബാദ് കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരിഹാസം. ഹർജികൾ കോടതി ഇന്നു പരിഗണിക്കും.
ബില്ലുകളിൽ തീരുമാനം കൈക്കൊള്ളുന്നതിനു ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവും വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ ഇടപെടലും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിക്കെതിരെ ബിജെപിയും മറ്റും വിമർശനം നടത്തിയത്. കോടതി സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയാണെന്നു ഉപരാഷ്ട്രപതി ജഗദീപ് ധൻകറും വിമർശിച്ചിരുന്നു.
ബംഗാളിൽ ഇടപെടാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജി. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനാണ് ജഡ്ജിമാരായ ബി.ആർ. ഗവായി, എ.ജി. മസി എന്നിവരുടെ ബെഞ്ചിൽ വിഷയം ഉന്നയിച്ചത്. ‘പാർലമെന്റിലും എക്സിക്യൂട്ടിവിലും ഞങ്ങൾ കടന്നു കയറുന്നതായി ഇപ്പോൾ തന്നെ ആരോപണമുണ്ട്. അപ്പോൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജിയിൽ എങ്ങനെ ഇടപെടും’–കോടതി ചോദിച്ചു.