മഹാരാഷ്ട്ര: ഓൺലൈൻ ഹൗസിംഗ് ആപ്ലിക്കേഷൻ വഴി 42 കാരന് 3 ലക്ഷം രൂപ നഷ്ടമായതായി പരാതി(fraud). വിക്രോളി സ്വദേശിയായ ശ്രീറാം നടരാജൻ എന്നയാളാണ് തട്ടിപ്പിനിരയായത്. ഇയാൾ വിക്രോളി പ്രദേശത്തെ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്.
വാടക കരാർ അവസാനിക്കുന്നതോടെ അതേ സ്ഥലത്ത് ഒരു പുതിയ വീടിനായി ഒരു ഹൗസിംഗ് ആപ്പ് വഴി അദ്ദേഹം അന്വേഷിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് തട്ടിപ്പ് നടത്തിയ ആൾ നടരാജന് വീട് കാണാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും നിക്ഷേപം 2.8 ലക്ഷം രൂപയാണെന്നും പ്രതിമാസം 43,000 രൂപ വാടക നൽകുമെന്നും അറിയിച്ചു.
ഇത് വിശ്വസിച്ച നടരാജൻ, വിശദാംശങ്ങൾ പരിശോധിക്കാതെ പ്രതി പങ്കിട്ട ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപ തുക ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. എന്നാൽ തുടർന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെയാണ് തട്ടിപ്പിന് ഇരയായതായി നടരാജന് വ്യക്തമായത്. തുടർന്ന് പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.