ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പൗരി ഗർവാൾ ജില്ലയിലെ കാലാഗഡ് ടൈഗർ റിസർവ് പ്രദേശത്താണ് ദാരുണ സംഭവം നടന്നത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ റിഖാനിഖൽ ബ്ലോക്കിൽ ഊർമിള ദേവി മരുമകൾ പ്രിയയ്ക്കൊപ്പം കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രിയ വീടിനുള്ളിലേക്ക് പോയി. എന്നാൽ ഊർമിള ദേവി കാലിത്തീറ്റ ശേഖരിക്കുന്നത് തുടർന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഊർമിള വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മരുമകൾ അന്വേഷിച്ചു പോയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിന് സമീപം കടുവയും ഇരിപ്പുണ്ടായിരുന്നു. പ്രിയയുടെ നിലവിളി കേട്ട് ഗ്രാമവാസികൾ സ്ഥലത്തെത്തി. തുടർന്ന് കടുവ സ്ഥലത്ത് നിന്നും പോവുകയായിരുന്നു.