

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിലെ ഒരു വീട്ടിൽ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ-ഡയമണ്ട് ആഭരണങ്ങൾ മോഷ്ടിച്ച (Theft) വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡ സ്വദേശിയായ അർച്ചന (24) എന്ന യുവതിയാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുടമസ്ഥ പരാതി നൽകിയത്. ഏകദേശം 40 മുതൽ 50 ലക്ഷം രൂപ വരെയുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. പോലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ വാതിലോ ജനലോ തകർത്തിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ വീട്ടിലുള്ള ആർക്കോ മോഷണത്തിൽ പങ്കുണ്ടെന്ന് പോലീസ് സംശയിച്ചു. വീട്ടുജോലിക്കാരിയായ അർച്ചനയെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
വജ്രവും മറ്റ് വിലപിടിപ്പുള്ള കല്ലുകളും പതിപ്പിച്ച 10 സ്വർണ്ണ മോതിരങ്ങൾ, 9 ജോഡി സ്വർണ്ണ കമ്മലുകൾ, സ്വർണ്ണ നെക്ലേസ്, ചെയിൻ, വിലകൂടിയ വാച്ചുകൾ, ഹാൻഡ്ബാഗുകൾ എന്നിവ പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച സാധനങ്ങൾ സിആർ പാർക്കിലെ സെർവന്റ് ക്വാർട്ടേഴ്സിലും നോയിഡയിലെ ഇവരുടെ വീട്ടിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.
Delhi Police arrested a 24-year-old housemaid named Archana for allegedly stealing jewellery worth over Rs 40 lakh from a residence in CR Park. Following a complaint of missing gold and diamond items, investigators noted there were no signs of forced entry, leading them to suspect an insider. After multiple rounds of questioning, the maid confessed to the crime, and the stolen valuables, including rings, necklaces, and expensive watches, were recovered from her quarters and her home in Noida.