
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. 2,700 കോടിരൂപയ്ക്ക് വീട് പണിത, 8,400 കോടി വില വരുന്ന വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ശീഷ്മഹല്‍ പരാമര്‍ശം വരുന്നത് ശരിയല്ല. ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലേറെയും നടന്നിട്ടില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ദുരന്തം ഡല്‍ഹിയിലല്ല ബി.ജെ.പി.യിലാണെന്നും കെജ്‌രിവാള്‍ മറുപടി നൽകി. ആദ്യത്തെ ദുരന്തമെന്തെന്നാല്‍ ബി.ജെ.പിക്ക് ഡല്‍ഹിയില്‍ അവതരിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രിയുടെ മുഖമില്ല. രണ്ടാമത് ബിജെപിക്ക് പറയാന്‍ പ്രത്യേകിച്ച് കാരണങ്ങളില്ല. മൂന്നാമത് ഡല്‍ഹി തിരഞ്ഞെടുപ്പിനായി യാതൊരു അജണ്ടയും ഇല്ല- കെജ്‌രിവാള്‍ വ്യക്തമാക്കി.
2022-ഓടെ മുഴുവൻ പേർക്കും വീട് നൽകുമെന്ന് 2020-ലെ പ്രകടന പത്രികയിൽ ബി.ജെ.പി പറഞ്ഞിരുന്നെങ്കിലും 2025 എത്തിയപ്പോഴും അത് പ്രാവർത്തികമാക്കാനായില്ലെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു. 2025-ൽ 1700 വീടുകളുടെ താക്കോലും അതിന് മുമ്പ് 3000 വീടുകളുടെ താക്കോലുകളുമാണ് നൽകിയത്. അതായത് അഞ്ചുവർഷത്തിനിടെ പ്രാവർത്തികമാക്കാനായത് 4,700 ഭാവനങ്ങളാണ്. വാഗ്ദാനവും അത് നിറവേറ്റലും തമ്മിലുള്ള വിടവാണ് ഇവിടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.