
മംഗളൂരു: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ബി.എം മുംതാസ് അലി ജീവനൊടുക്കിയതിന് പിന്നിൽ ഹണിട്രാപ്പെന്ന് പൊലീസ്. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി ആറംഗസംഘം മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പൊലീസ് വ്യക്തമാക്കി. കൂടുതൽ പണം ചോദിച്ച് സംഘം വീണ്ടും മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ റഹ്മത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, സുഹൈബ്, സിറാജ് എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽ മംഗളൂരു കുളൂർ പാലത്തിന് സമീപം ഫാൽഗുനി നദിയിൽനിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ അഞ്ചോടെ പാലത്തിൽ അപകടത്തിൽപ്പെട്ട നിലയിൽ ആഡംബര കാർ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്തുനിന്ന് കണ്ടെടുത്തു. തുടർന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുൾപ്പെട്ട സംഘവും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.