
കൊൽക്കത്ത: ഹോക്കിയിലെ ഒളിംപിക്സ് മെഡൽ ജേതാവും ടെന്നിസ് സൂപ്പർതാരം ലിയാൻഡർ പെയ്സിന്റെ പിതാവുമായ വീസ് പെയ്സ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 1972 മ്യൂണിക് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്ന വീസ് പെയ്സ്. കായിക രംഗത്തുനിന്ന് വിരമിച്ചശേഷം സ്പോർട്സ് മെഡിസിൻ രംഗത്ത് സ്പെഷലിസ്റ്റ് ഡോക്ടറായി വ്യക്തിമുദ്ര പതിപ്പിച്ചു. കായിക ഭരണ രംഗത്തും ദീർഘനാൾ സജീവ സാന്നിധ്യമായിരുന്നു.
ഇന്ത്യൻ കായികരംഗത്തെ ബഹുമുഖ പ്രതിഭയെന്നാണ് വീസ് പെയ്സിന്റെ മേൽവിലാസം. 1945ൽ ഗോവയിലായിരുന്നു ജനനം. ഒളിംപിക്സ് വെങ്കല നേട്ടത്തിനു പുറമേ 1971 ബാർസിലോന ലോകകപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലും അംഗമായിരുന്നു. ക്രിക്കറ്റ്, ഗോൾഫ്, ഫുട്ബോൾ എന്നീ ഇനങ്ങളിലും ഡിവിഷനൽ തലത്തിൽ മത്സരിച്ചു മികവു കാട്ടിയിട്ടുണ്ട്. മത്സരങ്ങളിൽനിന്നു വിരമിച്ചശേഷം സ്പോർട്സ് മെഡിസിൻ ഡോക്ടറായി കായികരംഗത്ത് തന്നെ സേവനം തുടർന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഡേവിസ് കപ്പ് ടെന്നിസ് ടീമിന്റെയും മെഡിക്കൽ കൺസൽട്ടന്റായിരുന്നു. 1996 മുതൽ 6 വർഷക്കാലം ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു.
മുൻ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം ജെന്നിഫർ പെയ്സാണ് ഭാര്യ. മകൻ ലിയാൻഡറിനെ ചെറുപ്പത്തിലെ ടെന്നിസിലേക്കു വഴിതിരിച്ചുവിട്ടത് വീസ് പെയ്‌സായിരുന്നു. 1996 അറ്റ്ലാന്റ ഒളിംപിക്സിലെ വെങ്കല മെഡലും 18 ഗ്രാൻസ്‍ലാം കിരീടങ്ങളുമുൾപ്പെടെ വിസ്മയ നേട്ടങ്ങളുമായി ലിയാൻഡർ ഇന്ത്യൻ ടെന്നിസിലെ ഇതിഹാസമായി മാറിയപ്പോൾ മാനേജറുടെയും ഡോക്ടറുടെയുമെല്ലാം വേഷമണിഞ്ഞ് പിതാവ് വീസ് പെയ്സും ഒപ്പമുണ്ടായിരുന്നു.