
ബെയ്ജിങ്: ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് വൈറസിന് ശേഷം ചൈനയിൽ നിന്നും പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന വിവരം ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്(HMPV Viruses). ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു എന്ന വാർത്തകളും ചിത്രങ്ങളും പുറത്തു വരുമ്പോഴും മൗനം പാലിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എന്നാൽ ചൈനയുടെ അയൽ രാജ്യങ്ങളിൽ എല്ലാം തന്നെ ഗൗരവതരമായ രീതിൽ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.
ഹ്യൂമൻ മെറ്റന്യൂമോ വൈറസ്സാണ് (എച്ച്എംപിവി) ചൈനയില്‍ പടർന്നു പിടിക്കുന്നതെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നെല്ലാമുള്ള റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഹോങ്കോങ്ങിലും എച്ച്.എം. പി.വി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ രോഗം പടരാതിരിക്കാനുള്ള സാധ്യതകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എന്നാൽ, വൈറസ് പടരുന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെയും ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ മുൻകരുതലുകൾ എടുത്താൽ മതിയെന്നും കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം എല്ലാ പ്രായത്തിലുള്ളവർക്കും പിടിപെടും. എന്നാലും പ്രായമായവരിലും 5 വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുക. ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴിയാണ് രോഗം പടരുന്നത്. രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പർക്കം വഴി രോഗാണു ശരീരത്തിൽ എത്താം. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്. പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. 3 – 6 ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ് ( രോഗാണു ശരീരത്തിൽ കയറിയത് മുതൽ രോഗലക്ഷണം കാണിക്കുന്നതു വരെയുള്ള സമയം).
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക (കുറഞ്ഞത് 20 മിനിറ്റെങ്കിലും കഴുകണം), തൊട്ടടുത്ത് നിന്ന് ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മുഖവും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രമിക്കുക, കർശനമായും മാസ്ക് ഉപയോഗിക്കുക തുടങ്ങിയവയാണ് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ.