
ന്യൂഡൽഹി : രാജ്യത്തെ ആദ്യ എച്ച് എം പി വി കേസ് ബംഗളുരുവിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. ആശുപത്രി ക്രമീകരണങ്ങൾക്ക് വേണ്ടി മാർഗനിർദേശം പുറത്തിറക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.(HMPV in India)
കർണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയും വിദഗ്ധ സംഘം ചൈനയിലെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നും, ലോകാരോഗ്യ സംഘടനയുമായി നിരന്തരം സമ്പർക്കത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.
വൈറസ് കാര്യമായി ബാധിക്കുന്നത് രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികളെയും പ്രായമുള്ളവരെയുമാണ്. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് 8 മാസം പ്രായമായ കുഞ്ഞിനാണ്. നിലവിൽ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രോഗബാധ സ്ഥിരീകരിച്ചത് സ്വകാര്യ ലാബിലെ പരിശോധനയിലാണ്. കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ്.
കുഞ്ഞിന് യാത്രാപശ്ചാത്തലമില്ലാത്തതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എച്ച് എം പി വിയുടെ ഏത് വകഭേദമാണ് കുഞ്ഞിന് ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. അധികൃതർ നേരത്തെ തന്നെ ഇത് ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചിരുന്നു.