

കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖല 'ഹിന്ദ്ലാബ്സ്' തൃശൂർ ജില്ലയിലെ കുഴൂരിൽ തുറന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ലാബ് ഉദ്‌ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലാബ്‌ടെസ്റ്റിംഗ് ഉൾപ്പടെ ആരോഗ്യസേവനങ്ങൾ നൽകുന്ന എച്ച്എൽഎല്ലിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തുന്ന ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ആലുവ–പറവൂർ കവല സെന്ററിലുള്ള ദേശാഭി വർദ്ധിനി കേന്ദ്രത്തിലെ പ്രധാന റഫറൻസ് ലാബിന്റെ കീഴിൽ ആലങ്ങാട്, പാറക്കടവ്, സൗത്ത് കളമശ്ശേരി, കുഴൂർ എന്നിവിടെയാണ് അനുബന്ധ ലാബുകൾ സ്ഥാപിക്കുന്നത്. ഈ ശൃംഖലയിലെ ആദ്യത്തേതാണ് കുഴൂരിൽ തുറന്നത്. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഡ്‌കോ ഡയറക്ടർ ടി മോഹൻദാസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളും, എച്ച് എൽ എൽ പ്രതിനിധികളും, കുഴൂർ സഹകരണ സംഘ ഭരണസമിതി അംഗങ്ങളും, ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വിദഗ്ധരായ ടെക്‌നീഷ്യന്മാരുടെ സേവനവും അത്യാധുനിക സൗകര്യവും ഒരുക്കിയിട്ടുള്ള ഹിന്ദ്‌ലാബിസിൽ എല്ലാവിധ ലബോറട്ടറി പരിശോധനകളും 40 ശതമാനം മുതൽ60 ശതമാനംവരെ കിഴിവിലാണ് നൽകുന്നത്. വീടുകളിലെത്തി രക്ത സാംപിളുകൾ ശേഖരിക്കുന്ന 'ഹോം ബ്ലഡ് കളക്ഷൻ' സൗകര്യവും ഹിന്ദ്‌ലാബ്‌സിലുണ്ട്. ഹോം ബ്ലഡ് കളക്ഷൻ സേവനങ്ങൾക്ക് വിളിക്കേണ്ട നമ്പർ, 9188934750.