ഭോപാൽ: വിവാഹം കഴിഞ്ഞ് നാലാം മാസം 17 കാരിയായ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. രാഹുൽ(25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പെണ്‍കുട്ടിയേയും, കാമുകനേയും രണ്ട് കൂട്ടുകാരേയും പൊലീസ് അറസ്റ്റ് ചെയ്തു.
റസ്റ്ററന്‍റില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി രാഹുലിനെ കൊലപ്പെടുത്തിയതെന്ന് ബുര്‍ഹാന്‍പുര്‍ എസ്പി ദേവേന്ദ്ര പട്ടിദാര്‍ പറഞ്ഞു. ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ കാലിലെ ചെരുപ്പ് റോഡില്‍ വീണുപോയെന്ന് പെണ്‍കുട്ടി രാഹുലിനോട് പറഞ്ഞു. ഇതെടുക്കാനായി രാഹുല്‍ ബൈക്ക് നിർത്തി. പിന്നാലെ പെണ്‍കുട്ടിയുടെ കാമുകന്‍റെ രണ്ടു കൂട്ടുകാര്‍ പിന്നിലൂടെ എത്തി ബീയര്‍ കുപ്പികൊണ്ട് രാഹുലിന്റെ തലയ്ക്കടിച്ചു. ബൈക്കില്‍ നിന്നും രാഹുലിനെ വലിച്ചിഴച്ച് ശരീരമാസകലം 36 വട്ടം കുത്തി. സംഭവസ്ഥലത്ത് വച്ചു തന്നെ രാഹുൽ മരിച്ചു. മരണം ഉറപ്പിച്ചതിനു ശേഷം പെണ്‍കുട്ടി കാമുകനെ വിഡിയോ കോളില്‍ വിളിച്ച് രാഹുലിന്റെ മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു.
അതിനുശേഷം മൃതദേഹം അടുത്തുള്ള വയലില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കൊലപാതകത്തിനു ശേഷം ഭാര്യയും സുഹൃത്തുക്കളും ഒളിവിലായിരുന്നു. പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും കാമുകനെയും കൂട്ടുകാരെയും കണ്ടെത്തിയത്. കൊലക്കുറ്റം, കൊലപാതക ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.