

ദിസ്പുർ: അസമിലെ ഹിന്ദു ദമ്പതികൾ ഒരു കുട്ടിയിൽ ഒതുങ്ങരുതെന്നും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികൾക്ക് ജന്മം നൽകണമെന്നും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മതന്യൂനപക്ഷങ്ങൾക്കിടയിലെ ജനനനിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് ഭാവിയിൽ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.(Hindus should give birth to 2-3 children, Himanta Biswa Sarma's controversial remark)
ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രസവ അനുപാതം കൂടുതലാണെന്നും എന്നാൽ ഹിന്ദുക്കൾക്കിടയിൽ ഇത് കുറഞ്ഞു വരികയാണെന്നും ശർമ പറഞ്ഞു. "ഹിന്ദുക്കളുടെ വീട് നോക്കാൻ ആരുമുണ്ടാകില്ല" എന്ന സാഹചര്യം ഒഴിവാക്കാൻ കൂടുതൽ കുട്ടികൾ വേണമെന്നാണ് അദ്ദേഹത്തിന്റെ വാദം. മുസ്ലിം കുടുംബങ്ങൾ ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകുന്ന രീതി ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2027-ലെ സെൻസസിൽ ബംഗ്ലാദേശി വംശജരായ മിയ മുസ്ലിങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിലെത്തുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വടക്കുകിഴക്കൻ ഇന്ത്യ പിടിച്ചെടുക്കാൻ അയൽരാജ്യങ്ങൾക്ക് യുദ്ധം ചെയ്യേണ്ടി വരില്ലെന്നും ജനസംഖ്യ 50 ശതമാനം കഴിഞ്ഞാൽ പ്രദേശം സ്വാഭാവികമായും അവരുടെ കൈകളിലെത്തുമെന്നും അദ്ദേഹം വിവാദപരമായ പരാമർശം നടത്തി. ഹിമന്ത ബിശ്വ ശർമയുടെ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.